ചണ്ഡീഗഡ്: ഹരിയാനയിൽ 169 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻ മെമ്പർ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ പർദീപ് കുമാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ പ്രവൃത്തി ദിവസമാണ് അദ്ദേഹത്തെ പിടികൂടിയത്.
സ്ഥിരനിക്ഷേപം തുടങ്ങാനെന്ന വ്യാജേന, അനുമതിയില്ലാതെ 169 കോടി രൂപയുടെ സർക്കാർ പണം ചണ്ഡീഗഡിലെ ഐഡിഎഫ്സി ബാങ്കിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ എഫ്ഡി ഒന്നും തുടങ്ങിയില്ല. പകരം, വ്യാജ രേഖകളുണ്ടാക്കി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്.
അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ പർദീപ് കുമാർ പഞ്ച്കുല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ചണ്ഡീഗഡ് സ്മാർട്ട് സിറ്റി ലിമിറ്റഡ്, ക്രെസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ തട്ടിപ്പുകളും സിബിഐ അന്വേഷിക്കുന്നുണ്ട്.